അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അലോക് കുമാറും, ആർ എസ് എസ് നേതാക്കളായ കൃഷ്ണ ഗോപാൽ, രാം ലാൽ എന്നിവർ കഴിഞ്ഞ ദിവസം ചടങ്ങിനുള്ള ക്ഷണ പത്രിക അദ്വാനിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പങ്കെടുക്കും എന്ന് സ്ഥിരീകരിച്ചത്.മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും, ചടങ്ങിൽ പങ്കെടുക്കില്ല എന്നും,ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചെന്നും അത് അദ്വാനിയും മുരളി മനോഹർ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതിൽ ബിജെപി ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഇവരെ ക്ഷണിച്ചത്.
അതേസമയം ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതിന് വിശദീകരണവുമായി മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് വന്നു.ശങ്കരാചാര്യരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും, ബിജെപി യും വി എച് പിയും മതത്തെ അപമാനിക്കുകയും ഹിന്ദു നേതാക്കളെയും മതത്തെയും ഭിന്നിപ്പിക്കുകയും ചെയ്യുകയാണെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു.