വാഷിങ്ടൺ: വധശിക്ഷ നടപ്പാക്കാൻ പുതിയ രീതിയുമായി അമേരിക്കയിലെ അലബാമ സംസ്ഥാനം. വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കുന്നതിന് പകരം നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുക. ഈ രീതിക്ക് യുഎസ് ഫെഡറൽ കോടതി അനുമതി നൽകി. ഇതോടെ യുഎസിനെ ഞെട്ടിച്ച വാടക കൊലയാളി കെന്നത്ത് സ്മിത്തിന്റെ വധശിക്ഷ ഈ മാസം 25ന് നടപ്പാക്കും. മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിച്ചായിരിക്കും ശിക്ഷ നടപ്പാക്കുക. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 27 സംസ്ഥാനങ്ങളിൽ മാത്രമാണ് വധശിക്ഷ. ബാക്കി 23 സംസ്ഥാനങ്ങളിലും വധശിക്ഷക്ക് നിയമപരമായ അംഗീകാരമില്ല. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകൾ നടപ്പാക്കിയിരുന്നത്. നേരത്തെ, മിസ്സിപ്പിസി, ഒക്ലഹോമ സംസ്ഥാനങ്ങളിൽ നൈട്രജൻ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രയോഗിച്ചിട്ടില്ല.
എന്നാൽ, നൈട്രജൻ ഹൈപ്പോക്സിയ (നൈട്രജൻ ശ്വസിച്ച് മരിക്കുന്ന രീതി) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കെന്നത്ത് സ്മിത്ത് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആർ. ഓസ്റ്റിൻ ഹഫക്കർ തള്ളി. പുതിയ വധശിക്ഷാ രീതി പരീക്ഷിക്കാനുള്ള മാർഗമായി സ്മിത്തിനെ ഉപയോഗിക്കുകയാണെന്ന് അഭിഭാഷകർ വാദിച്ചു.
പ്രത്യേക മാസ്ക് ധരിപ്പിച്ച് ശ്വസിക്കാൻ ഓക്സിജന് പകരം നൈട്രജൻ നൽകുന്നതാണ് രീതി. ഓക്സിജന്റെ അഭാവം മൂലം നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. 1988-ൽ വടക്കൻ അലബാമയിൽ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. കേസിൽ മറ്റൊരു കുറ്റവാളിയുടെ 2010ൽ നടപ്പാക്കി. സെനറ്റിനെ 1988 മാർച്ച് 18 ന് അലബാമയിലെ കോൾബെർട്ട് കൗണ്ടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 കാരിയായ യുവതിയുടെ നെഞ്ചിൽ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഭർത്താവ് ചാൾസ് സെനറ്റ് സീനിയർ, കൊലപാതക അന്വേഷണം തന്നിലേക്കായപ്പോൾ ആത്മഹത്യ ചെയ്തു. 1000 ഡോളർ രൂപ നൽകിയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വാദം.