ദില്ലി: രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ തടിയൻ്റവിട നസീർ അടക്കം എട്ട് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതികളായ രണ്ട് പേർ ഒളിവിലാണ്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ തടവിലാണ്. കേസിൽ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സൽമാൻ ഖാൻ എന്നിവർ വിദേശത്തേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. സൈദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സഹിദ് തബ്രേസ്, സയ്യിദ് മുദസിൽ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കെതിരെ ഐപിസി, യുഎപിഎ, ആയുധം കൈവശം വെക്കൽ നിയമവും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും വാക്കി ടോക്കികളും പിടിയിലായ ഏഴ് പേരിൽ നിന്നായി കണ്ടെത്തിയിരുന്നു. 2023 ജൂലൈ 18 നായിരുന്നു ഇത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ വച്ചായിരുന്നു ഏഴ് പേരെയും കണ്ടെത്തിയത്. 2023 ഒക്ടോബറിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. പിന്നീടാണ് കേസിൽ തടിയന്റവിട നസീറിനും പങ്കുള്ളതായും പ്രതികൾ ഇയാളുമായും ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയത്. 2017 ൽ എല്ലാ പ്രതികളും ബെംഗളൂരു ജയിലിൽ തടവിലായിരുന്നു. ഈ സമയത്താണ് പ്രതികൾ ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയത്.
ലഷ്‌കർ-ഇ-തോയ്ബയിലേക്ക് കേസിലെ ഏഴ് പ്രതികളെയും റിക്രൂട്ട് ചെയ്ത തടിയന്റവിട നസീർ ഇവരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ തക്ക വിധത്തിൽ സ്വാധീനിച്ചു. വിദേശത്തേക്ക് കടന്ന പ്രതികൾ അയച്ചുകൊടുത്ത പണം ഉപയോഗിച്ചാണ് മറ്റ് പ്രതികൾ ചാവേർ സ്ഫോടനത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയത്. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതായും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.