കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ വച്ച് പൂച്ചയുടെ മാന്തേറ്റയാള്‍ക്ക് ശുശ്രൂഷ നല്‍കിയതിന് ആശുപത്രി അധികൃതര്‍ 1692 രൂപയുടെ ബില്ല് നല്‍കിയതായി പരാതി. വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയില്‍ രോഗിയോടൊപ്പം കൂട്ടിനായെത്തിയ തിരുവമ്പാടി സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ചായ കുടിക്കാനായി ഹോസ്‍പിറ്റല്‍ കോംമ്പൗണ്ടില്‍ തന്നെയുള്ള കാന്റീനില്‍ എത്തിയതായിരുന്നു ഇവര്‍. ഇവിടെ വച്ചാണ് പൂച്ചയുടെ മാന്തേറ്റത്.തുടര്‍ന്ന് കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടറെ സമീപിച്ചു. ഇവിടെ നിന്നും ഒ.പി ശീട്ട് എടുത്ത വകയില്‍ 150 രൂപയും മുറിവ് ഡ്രസ് ചെയ്യാനും വാക്‌സിനേഷന്‍ ചെയ്തതിനുള്ള തുകയും ഉള്‍പ്പെടെ 1692 രൂപ രേഖപ്പെടുത്തിയ ബില്ല് അധികൃതര്‍ നല്‍കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് പൂച്ച മാന്തിയതെന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ പൂച്ചയെ വളര്‍ത്താറില്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു.
പരാതി ഉന്നയിട്ട് ആശുപത്രി മേലധികാരിയുമായി സംസാരിച്ചിരുന്നുവെന്നും തുക തിരിച്ചു തരാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല.