ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എൽ കെ അദ്വാനി രംഗത്ത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ മുൻ ബി ജെ പി അധ്യക്ഷൻ, ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പൂർണമായും പിന്തുണക്കുകയായിരുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ശ്രീരാമൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. മോദി എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ താൻ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി പ്രധാനമന്ത്രി 11 ദിവസത്തെ വ്രതാനുഷ്ഠാനം തുടങ്ങിയിട്ടുണ്ട്. ശബ്ദ സന്ദേശത്തിലൂടെയാണ് വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെതികരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന പ്രതിരോധവും മോദി തീര്‍ക്കുന്നുണ്ട്.
അതേസമയം അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോരും മുറുകുകയാണ്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ പരസ്യമായി പറഞ്ഞത് ബി ജെ പിക്കും, ആര്‍ എസ് എസിനും വിശ്വഹിന്ദു പരിഷത്തിനും വലിയ ക്ഷീണമായി. പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതിനെയും പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെയുമാണ് ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ വിമര്‍ശിച്ചത്. ശങ്കരാചാര്യന്മാരുടെ നിലപാട് പ്രതിഷ്ഠാ ദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുമ്പാഴാണ് പരിക്ക് ഭേദമാക്കാനുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ ശ്രമം. നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മറ്റ് മൂന്ന് പേരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നെന്നും, ഉചിതമായ സമയത്ത് ക്ഷേത്രത്തിലെത്തുമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്. പണി പൂര്‍ത്തിയായിട്ടില്ലെന്ന വിമര്‍ശനത്തിന് ക്ഷേത്രത്തിന്‍റെ ഏറ്റവും താഴത്തെ നിലയുടെ പണി പൂര്‍ത്തിയായെന്നും വിഗ്രഹം അവിടെയാണ് പ്രതിഷ്ഠിക്കുന്നതെന്നും വി എച്ച് പി വാദിക്കുന്നുണ്ട്. കേവലം രാഷ്ട്രീയ നേട്ടത്തിനായി ആചാരവും മതപരവുമായ ചടങ്ങുകള്‍ ബി ജെ പി അയോധ്യയില്‍ അട്ടിമറിക്കുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുമുണ്ട്. അപൂര്‍ണ്ണമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തരുതനെന്ന നിര്‍ദ്ദേശമാണ് അവഗണിക്കുന്നത്. ഏത് പഞ്ചാഗം നോക്കിയാണ് പ്രതിഷ്ഠ നിശ്ചയിച്ചതെന്നും, തെരഞ്ഞെടുപ്പ് മാത്രമാണ് ഉന്നമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര ചോദിച്ചു.