കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫയുടെ വിയോഗത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വളരെ ശ്കതമായ രാഷ്‌ടീയ നേതാവായിരുന്നു ടി എച്ച് മുസ്തഫയെന്ന് അദ്ദേഹം പറഞ്ഞു. നല്ല സൗഹൃദവും സാഹോദര്യവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇടതുപക്ഷത്തോട് ആദരവും ബഹുമാനവും വച്ചുപുലർത്തിയിരുന്നു . അക്കാലത്ത് കേരള സമൂഹത്തിൽ നിറഞ്ഞുനിന്ന നല്ല വ്യക്തിത്വത്തിന് ഉടമകൂടയായിരുന്നു ടി എച്ച് മുസ്തഫ. രാഷ്ട്രീയമായി അദ്ദേഹത്തെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. പക്ഷെ, ആ ഘട്ടത്തിൽ പോലും പരസ്പരം സ്നേഹവും ബഹുമാനവും വച്ചുപുലർത്തിയിരുന്നു. ഭക്ഷ്യ മന്ത്രിയായിരുന്ന സമയത്ത് നല്ല രീതിയിൽ അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നു. എല്ലാ ആളുകളെയും ഒരുപോലെ കാണുകയും നല്ല ബന്ധം സ്ഥാപിക്കാനും ടി എച്ച് മുസ്തഫ ശ്രമിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
അതിനിടെ ടി എച്ച് മുസ്തഫ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് മഹത്തായ സംഭാവനകൾ നൽകിയ ശക്തനായ നേതാവായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാം പ്രവർത്തങ്ങൾക്കും ശക്തമായ നേതൃത്വം നൽകിയിരുന്നു. ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്ക് വേണ്ടിയും ശക്തമായ നേതൃനിര കെട്ടിപ്പടുക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയായി അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം.തീരുമാനങ്ങൾ എടക്കുന്നതിലുള്ള ദൃഢത, വേഗത, ജനങ്ങളിലേക്ക് ഇറങ്ങി അവരെ ബോധ്യപ്പെടുത്താനുള്ള ചാതുര്യം എന്നിവ ടി എച്ച് മുസ്തഫവയുടെ പ്രത്യേകതകളിലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനിടെ ടി എച്ച് മുസ്തഫയെ കുറിച്ച് ഓർക്കുമ്പോൾ എന്നും അഭിമാനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. ഇന്ത്യൻ നാഷണൽ കോഗ്രസിന്റെ താഴെ തട്ടിലൂടെ വന്ന് സമുന്നതമായ സ്ഥാനത്തേക്ക് വളർന്നയാളാണ് മുസ്തഫ. എറണാകുളം ജില്ലയിലെ സമഗ്രമായ മാറ്റത്തിന് നേതൃത്വം കൊടുത്തു. എല്ലാ തലങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തിത്വം നിഴലിച്ച് കണ്ടു. അദ്ദേഹത്തിന്റെ പ്രവർത്തനം അത്രയും പ്രത്യേകതയുള്ളതായിരുന്നു. എല്ലാ സ്ഥലങ്ങളിലും ഓടിയെത്തുമായിരുന്നു. സഹപ്രവർത്തകരോടെല്ലാം വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. നല്ല സൽക്കാര പ്രിയനായിരുന്നു. സംഘടനാ പ്രവർത്തനത്തിൽ വളരെ ചിട്ടയായ പ്രവർത്തനമായിരുന്നു കാഴ്ചവച്ചിരുന്നത്. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യം വെട്ടിത്തുറന്ന് പറയുമായിരുന്നുവെന്നും അത്രയും സത്യസന്ധയിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.