ന്യൂഡൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു. മാർച്ച് 15ന് മുമ്പായി ഇന്ത്യൻ സൈന്യത്തോട് ദ്വീപ് രാജ്യം വിടാനാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. അഞ്ചു ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മൂന്നു മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മൂന്നു മന്ത്രിമാരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനു മുമ്പാണ് സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഇസ്സു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല.
കടൽ സുരക്ഷക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. റിപ്പോർട്ട് പ്രകാരം 88 സൈനികരാണ് മാലദ്വീപിലുള്ളത്. ദ്വീപ് രാജ്യം ചൈനയോട് കൂടുതൽ അടുക്കുന്നതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. ‘ഇന്ത്യൻ സൈന്യത്തിന് മാലദ്വീപിൽ തങ്ങാനാകില്ല. പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും നയനിലപാടാണിത്’ -പ്രസിഡന്റിന്റെ ഓഫിസിലെ പബ്ലിക് പൊളിസ് സെക്രട്ടറി അബ്ദുല്ല നസീം ഇബ്രാഹീം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.ഇന്ത്യൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പ്രസിഡന്റ് സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇന്ത്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ രാജ്യത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുമെന്നത് മുഇസ്സുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.ചൈന സന്ദർശിച്ച മാലദ്വീപ് പ്രസിഡന്റ് 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാനും ധാരണയിലെത്തിയിരുന്നു