ബംഗളൂരു: വിദ്യാർഥികളെ പ്രധാനധ്യാപകന്റെ വീട്ടിൽ വീട്ടുജോലിക്കും സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനും നിയോഗിച്ച് അധികൃതർ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഒരു വർഷത്തോളമായി വിദ്യാർഥികൾ ഇത്തരം ജോലികളിൽ ഏർപ്പെടുകയാണെന്നാണ് റിപ്പോർട്ട്.
ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴിൽ കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡൽ സ്കൂളുകളിലൊന്നിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ പിതാവ് പരാതി നൽകിയതോടെയാണ് വിഷയം പുറംലോകമറിയുന്നത്.
വിദ്യാർഥികളെ ശുചിമുറി വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയതിന് കുറിച്ച് ചോദിച്ചപ്പോൾ ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
അതേസമയം വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.