നൃത്ത സംവിധായകനായി പ്രഭുദേവ വീണ്ടും മലയാള സിനിമയില്‍. മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലാണ് പ്രഭുദേവ കൊറിയോഗ്രഫി ചെയ്യുന്നത്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്തസംവിധായകനായി എത്തുന്നത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് നിര്‍മ്മാണം. ഫെതർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവി ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം.
ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, കലാസംവിധാനം മോഹൻദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായർ, ഗാന രചന ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ലൈൻ പ്രൊഡ്യൂസർ റഹിം പി എം കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. സിനിമയുടെ ഇന്ത്യയിലെ ചിത്രീകരണം ദില്ലി, മുംബൈ എന്നിവിടങ്ങളിലായിരിക്കും. പിആർഒ എ എസ് ദിനേശ്.