മംഗളൂരു: അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനേയും കാത്തിരിക്കുന്നതെന്ന് പ്രസ്താവിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉത്തര കന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ഉത്തര കന്നട ജില്ലയിലെ കുംട പൊലീസാണ് തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനമാക്കി കേസെടുത്തത്.
ഭട്കൽ മസ്ജിദ് സംബന്ധിച്ച് തന്റെ അഭിപ്രായമല്ല ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്ന് എംപി പറഞ്ഞിരുന്നു. ഹൈന്ദവ സനാതന ധർമ്മങ്ങൾ ചവിട്ടിമെതിച്ച് മുന്നോട്ടു പോവുകയാണ് കോൺഗ്രസ്. അവരോടുള്ള എതിർപ്പിന് കാരണവും അതാണ്.അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധാരാമയ്യ അവിടെ പങ്കെടുക്കില്ലെന്നും പറയുന്നു. മുഖ്യമന്ത്രി ചെന്നില്ലെങ്കിലും രാമക്ഷേത്രം ഉദ്ഘാടനം നടക്കും എന്നൊക്കെയും പറഞ്ഞു.
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നതാണ് ഉചിതം എന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ബി.ജെ.പി എം.പിയെ ഓർമ്മിപ്പിച്ചത്. അദ്ദേഹം പ്രകടിപ്പിക്കുന്നത് സ്വന്തം സംസ്കാരം. കഴിഞ്ഞ മുന്ന് വർഷമായി മിണ്ടാത്ത എം.പി തെരഞ്ഞെടുപ്പ് അടുത്തതോടെ രംഗത്ത് വരുകയാണ്. എം.പിയുടെ പ്രസ്താവന പ്രകോപനവും വിദ്വേഷവും സൃഷ്ടിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കും എന്ന് ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞിരുന്നു. പിന്നാലെ കേസെടുക്കുകയും ചെയ്തു.