കൊച്ചി: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാലടി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയിലാണ് ബൃന്ദയുടെ ഒഴിഞ്ഞുമാറ്റം. ഇക്കാര്യം പ്രതികരിക്കാനുള്ള ഉചിതമായ വേദിയല്ല ഇതെന്നായിരുന്നു ബൃന്ദ കാരാട്ടിന്‍റെ പ്രതികരണം. സംസ്കാരവും ലിംഗഭേദവും എന്ന വിഷയത്തിലാണ് ബൃന്ദ കാരാട്ട് പ്രഭാഷണം നടത്തിയത്. ഓർമക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതോടെ, വിശദീകരണവുമായി നേരത്തെ ബൃന്ദ കാരാട്ട് രംഗത്തെത്തിയിരുന്നു. പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് ബൃന്ദ കാരാട്ടിന്റെ വിശദീകരണം. സ്വതന്ത്ര വ്യക്തിത്വവും പ്രകാശ് കാരാട്ടിൻറെ ഭാര്യ എന്നതും കൂട്ടിക്കുഴച്ച് തന്നെ അവഗണിക്കാൻ ശ്രമിച്ചുവെന്ന സൂചന ബൃന്ദ കാരാട്ട് പുസ്തകത്തിൽ നൽകിയത് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് വിശദീകരണം. ആൻ എജ്യുക്കേഷൻ ഫോർ റീത എന്ന പേരിൽ ബൃന്ദ കാരാട്ട് എഴുതിയ ഓർമ്മകുറിപ്പുകളിലെ ചില വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
എന്നാല്‍ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്നെ ഭാര്യയായി ഒതുക്കി എന്ന ഒരു പത്രത്തിൻറെ തലക്കെട്ട് അസത്യമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. പുസ്തകത്തിന് പാർട്ടിയുടെ അനുമതി തേടിയിരുന്നു എന്നാണ് ബൃന്ദ കാരാട്ടിൻറെ വിശദീകരണം. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിക്കാൻ തയ്യാറായില്ല.