തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെ സുരക്ഷാവലയത്തിൽപ്പെട്ട് പുറത്തുകടക്കാനാകാതെ ദുരിതത്തിലായത് 31 വിവാഹ സംഘങ്ങൾ. ബുധനാഴ്‌ച 76 വിവാഹങ്ങളാണ് ഗുരുവായൂരിൽ നിശ്ചയിച്ചിരുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് പല വിവാഹങ്ങളുടെയും സമയം പുനക്രമീകരിച്ചു. ഇതിനാൽ 31 വിവാഹങ്ങൾ രാവിലെ ആറിനു മുമ്പ് നടത്തേണ്ടിവന്നു. രാത്രി 12നു മുമ്പ് ക്ഷേത്രപരിസരത്തെത്തിയ വിവാഹസംഘങ്ങളിൽനിന്ന് പരിമിതമായ ആളുകളെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. അടുത്ത ബന്ധുക്കൾക്കുപോലും താലികെട്ട് കാണാൻ കഴിഞ്ഞില്ല.
പുലർച്ചെ അഞ്ചുമുതൽ ആറുവരെ 31 വിവാഹം നടന്നു. എന്നാൽ, വിവാഹ സംഘത്തെ പുറത്തേക്ക് വിട്ടില്ല. രാവിലെ ഒമ്പതിന് പ്രധാനമന്ത്രി മടങ്ങിയശേഷമാണ് വധൂവരന്മാർ ഉൾപ്പെടെയുള്ള സംഘത്തെ ക്ഷേത്രത്തിന് പുറത്തുകടക്കാൻ അനുവദിച്ചത്. നാലു മണിക്കൂറിലധികം ഇവർക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്‌പിജി സംഘം നിർദേശിച്ച സ്ഥലത്ത് നിൽക്കേണ്ടിവന്നു. ഇവരിൽനിന്ന് ബിജെപി നേതാക്കൾ തെരഞ്ഞെടുത്ത ഏതാനും വധൂവരന്മാരെ പ്രധാനമന്ത്രിയിൽനിന്ന് ആശീർവാദം ഏറ്റുവാങ്ങാൻ അടുത്തെത്തിക്കുകയും ചെയ്‌തു.