ന്യൂഡൽഹി> കോൺഗ്രസുമായുള്ള സഹകരണം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ആംആദ്‌മി നേതാവ് പാർടിയിൽ നിന്നും രാജിവെച്ചു. ആംആദ്‌മി ഹരിയാന തെരഞ്ഞെടുപ്പ് പ്രചരണകമ്മിറ്റി അധ്യക്ഷനായ അശോക്‌തൻവറാണ് രാജിവെച്ചത്. ‘നിലവിലെ രാഷ്ട്രീയസാഹചര്യവും കോൺഗ്രസുമായി സഹകരിക്കാനുള്ള പാർടിയുടെ തീരുമാനവും കാരണം ആംആദ്‌മി തെരഞ്ഞെടുപ്പ് പ്രചരണകമ്മിറ്റി അധ്യക്ഷ പദവിയിൽ നിന്നും രാജിവെക്കുന്നു’–- എന്നാണ് അശോക്‌തൻവറിന്റെ രാജിക്കത്തിൽ പറയുന്നത്. ഹരിയാനയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ എംപി കൂടിയായ അശോക്‌തൻവർ കത്തിൽ പറഞ്ഞു.
അശോക്‌തൻവർ ബിജെപിയിലേക്ക് പോകാനുള്ള നീക്കങ്ങൾ തുടങ്ങിയതായും ചില സൂചനകളുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിർസാ മണ്ഡലത്തിൽ അശോക്‌തൻവർ ബിജെപി സ്ഥാനാർഥിയാകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന് പാർടിവൃത്തങ്ങൾ സൂചിപ്പിച്ചു. ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷനായിരുന്ന അശോക് തൻവർ 2019ലാണ് പാർടി വിട്ടത്. 2021ൽ തൻവർ തൃണമുൽകോൺഗ്രസിൽ ചേർന്നെങ്കിലും 2022 ഏപ്രിലിൽ ആംആദ്‌മിയിലേക്ക് ചേക്കേറുകയായിരുന്നു. ആംആദ്‌മി പാർടി തന്നെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്യാത്തതിൽ തൻവറിന് കടുത്തനിരാശയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.