കൊച്ചി : ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദേശം നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടിസ് പ്രതികൾ കൈപ്പറ്റിയിട്ടില്ല . വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. അതേസമയം ഗൂഢാലോചനക്കേസിൽ ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും ഹൈക്കോടതി വാദം കേൾക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂർത്തിയായ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിൽ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകളും ഹാജരാക്കാൻ സാധ്യതയുണ്ട്.
അതേസമയം കേസ് ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ നടത്തിയ വാദങ്ങൾ. കേസിന്റെ എഫ്.ഐ.ആറും ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയുടെ ആധികാരികതയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ നിർണ്ണായക നീക്കം. നടിയെ ആക്രമിച്ച കേസിലെ വീഴ്ച്ചകൾ മനസ്സിലാക്കി തനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിനു കാരണമായെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.