കൊച്ചി > കോവിഡ് രൂക്ഷമായ ഘട്ടത്തിൽ പോലും അടച്ചിടാത്ത ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) രാമക്ഷേത്ര ഉദ്‌ഘാടന ദിവസം അവധി നൽകി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കൾ പകൾ 2.30 വരെ അവധി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണിത്. മറ്റ് എണ്ണക്കമ്പനികളും അടച്ചിടുമെന്നാണ് വിവരം.
ജീവനക്കാർക്ക് അവധി നൽകുകയല്ല, സ്ഥാപനങ്ങൾ എല്ലാ പ്രവർത്തനവും നിർത്തിവച്ച് അടച്ചിടണമെന്നാണ് സർക്കുലറിൽ പ്രത്യേകം നിർദേശിക്കുന്നത്. എച്ച്‌എംടി, കൊച്ചി കപ്പൽശാല, ബിപിസിഎൽ കൊച്ചി റിഫൈനറി, എച്ച്‌ഒസി, ഫാക്ട് തുടങ്ങിയ വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കെല്ലാം ശനിയാഴ്‌ച പേഴ്‌സണൽ മന്ത്രാലയത്തിന്റെ സർക്കുലർ ലഭിച്ചു. അതനുസരിച്ച് കമ്പനിയുടെ പ്രവർത്തനം നിർത്തി അരദിവസം അടച്ചിടുന്നതായി അറിയിപ്പ് ജീവനക്കാർക്കും നൽകി.
തൊഴിലാളികളുടെ പണിമുടക്കുസമരത്തെപ്പോലും കർശനമായാണ് ബിപിസിഎൽ നേരിട്ടത്. രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം മാനേജ്‌മെന്റ് പിടിച്ചെടുത്തിരുന്നു.