ഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഉപയോഗിച്ച് വിവിധ മേഖലകളിൽ വിജയം നേടുന്നവരും പണമുണ്ടാക്കുന്നവരുമൊക്കെ ഇന്നേറെയുണ്ട്. വിവേകത്തോടെ ഉപയോഗിക്കുകയാണെങ്കിൽ സാഹിത്യ ലോകത്തും നിങ്ങൾക്ക് ചാറ്റ്ജിപിടി വലിയ സഹായിയാകും. എന്നാൽ, ഫിക്ഷൻ പോലെ അതുല്യമായ എന്തെങ്കിലും സൃഷ്ടിക്കാൻ മാത്രം കഴിവ് അതിനുണ്ടോ..? ഒരു പക്ഷെ നിങ്ങൾ ഒരു പ്രശസ്ത എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ പോലും ചാറ്റ്ജിപിടിയുടെ സഹായത്തോടെ നിങ്ങൾക്കൊരു ഗംഭീര ഫിക്ഷണൽ നോവലെഴുതാൻ കഴിയുമോ..?
ചാറ്റ്ജിപിടി ഉപയോഗിച്ച് എഴുതിയ നോവലിന് അവാർഡ്…
ജപാനിലെ യുവ എഴുത്തുകാരിയാണ് ഇപ്പോൾ സാഹിത്യ ലോകത്തെ ചർച്ചാവിഷയം. റൈ കുഡാൻ എന്ന എഴുത്തുകാരി രചിച്ച സയൻസ് ഫിക്ഷൻ നോവൽ ‘ടോക്യോ ടു ദോജോ ടൂ'(ടോക്യോ സിംപതി ടവർ) ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയിരുന്നു.
ജപ്പാനിലെ ഏറ്റവും മൂല്യമേറിയ സാഹിത്യ പുരസ്‌കാരമായ അകുതാഗവയാണ് 33-കാരിയുടെ നോവലിനെ തേടിയെത്തിയത്. എന്നാൽ, ചാറ്റ്ജിപിടിയുടെ സഹായത്തോടെയാണ് താൻ നോവൽ തയാറാക്കിയതെന്ന എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു റൈ-യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചാറ്റ്ജിപിടി പോലെയുള്ള എ.ഐ ടൂളുകളുടെ സഹായത്തോടെയാണ് നോവൽ എഴുതിയതെന്നും പുസ്തകത്തിന്റെ അഞ്ചു ശതമാനത്തോളം പൂർണമായും എ.ഐ ടൂൾ ആണ് എഴുതിയതെന്നും അവർ സ്ഥിരീകരിച്ചു. അതേസമയം, വിവാദത്തിനിടയിലും ഇനിയും എ.ഐ ഉപയോഗിച്ച് നോവൽ എഴുത്ത് തുടരുമെന്ന് റൈ കുഡാൻ വ്യക്തമാക്കി.
അതേസമയം, നോവലിന്റെ പ്രമേയവും എ.ഐ സാങ്കേതികവിദ്യയാണ്. ജപാൻ തലസ്ഥാനമായ ടോക്യോയിൽ ഉയരമേറിയതും സൗകര്യമുള്ളതുമായ ജയിൽ നിർമിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ട ആർക്കിടെക്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പിഴവുകളൊന്നുമില്ലാത്ത കൃതിയാണെന്നാണ് പുരസ്‌കാരനിർണയ സമിതി നോവലിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. എ.ഐ ഉപയോഗിച്ച് നോവൽ എഴുതിയത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും അവർ അറിയിച്ചു.