മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറാം നമ്പർ ജനറേറ്ററിലെ തകരാർ ഒരാഴ്‌ചയ്‌ക്കകം പരിഹരിക്കും. ജനറേറ്ററിലേക്ക് ജലം എത്തുന്ന ഇൻടേക്ക് വാൽവിലാണ് ചോർച്ചയുണ്ടായത്. റബർ സീൽ തകരാറിലായതാണ് ചോർച്ചയ്‌ക്ക് കാരണമെന്ന് അധികൃതർ പറയുന്നു. കാലപ്പഴക്കംമൂലം റബർ സീലുകൾ ഇലാസ്‌തികത നഷ്ടപ്പെട്ട് പൊട്ടിപ്പോകുക സ്വാഭാവികമാണ്. വ്യാഴാഴ്ചയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. അധികസീലുകൾ നിലയത്തിൽ തന്നെയുള്ളതിനാൽ ഒരാഴ്ചക്കകം തകരാർ പരിഹരിക്കാൻ കഴിയും.
നിലയത്തിലെ തന്നെ ഒന്നാം നമ്പർ ജനറേറ്ററും തകരാറിലായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഒന്നാം നമ്പർ ജനറേറ്റർ തകരാറിലായത്. ജനറേറ്ററിന്റെ കത്തിയ ഭാഗങ്ങളും ഇൻസുലേഷൻ കോയിലും മാറ്റിസ്ഥാപിക്കുകയാണ്.
വൈദ്യുതി വിതരണത്തെ ബാധിക്കില്ല
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറവ് ആയതിനാൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ശരാശരി ഉൽപ്പാദനം രണ്ട് ദശലക്ഷം യൂണിറ്റിൽ താഴെയാണ്. വേനൽ ആരംഭിക്കുന്ന മാർച്ച് മുതൽ ഉൽപ്പാദനം നടത്തുന്നതിന് കരുതലായി ജലം ശേഖരിക്കുകയാണിപ്പോൾ. ജനറേറ്ററുകൾ തകരാറായെങ്കിലും നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല.