തിരുവനന്തപുരം: ക്രിയാത്മകമായ വിമർശം ഉയർത്തി സമൂഹത്തെ നവീകരിക്കാനുള്ള ഇടപെടലാണ് മാധ്യമങ്ങളിൽ നിന്നുണ്ടാവേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ഇ സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്ന് നടത്തിയ ഇ സോമനാഥ് ഓർമദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
സംഹാരാത്മകമായ വിമർശം ഒന്നിനെയും നന്നാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. മനോധർമത്തിനനുസരിച്ച് മാധ്യമ പ്രവർത്തനം നടത്താൻ കഴിയാത്ത പ്രതിസന്ധി ഇക്കാലത്ത് കൂടിവരുകയാണ്. രാജ്യത്ത് നാനാത്വത്തിൽ ഏകത്വം എന്ന കാഴ്‌ചപ്പാടും മതനിരപേക്ഷ മൂല്യവും വലിയ വെല്ലുവിളി നേരിടുമ്പോൾ തിരുത്തൽ ശക്തിയാവാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം. നല്ലഭാഷയിൽ ക്രിയാത്മകമായ വിമർശങ്ങൾ ഉയർത്തി നർമത്തിൽ ചാലിച്ച് തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കാൻ ഇ സോമനാഥിന് കഴിഞ്ഞിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു. ഇ സോമനാഥിന്റെ ഓർമ പുസ്‌തകം ‘സോമയാനം’ പി സി വിഷ്‌ണുനാഥ് എംഎൽഎക്ക് നൽകി തോമസ് ജേക്കബ് പ്രകാശിപ്പിച്ചു. മീഡിയ അക്കാദമി ആരംഭിക്കുന്ന ഇ സോമനാഥ് ചെയർ ഡോ. എം വി പിള്ള ഉദ്‌ഘാടനം ചെയ്‌തു.
‘വാർത്ത എഴുത്ത്, ഭാഷയിലെ സർഗാത്മകത’ എന്ന വിഷയത്തിൽ കവി പ്രഭാവർമ ഇ സോമനാഥ് സ്മാരക പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ബാര ഭാസ്‌ക്കർ, എസ് ആർ സഞ്ജീവ്, അനിൽ ഭാസ്‌ക്കർ, ഇ സോമനാഥിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.