പട്ന> ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി.ജെ.പി. ആര്‍.ജെ.ഡി. നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി.
ബി.ജെ.പി. നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താരകിഷോര്‍ പ്രസാദ്, എച്ച്.എ.എം. നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി, ജെ.ഡി.യു അംഗം വിനയ് കുമാര്‍ ചൗധരി, രത്‌നേഷ് സദ, തുടങ്ങിയവരാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്.
ബിഹാറില്‍ എന്‍.ഡി.എയ്ക്ക് 128 എംഎല്‍എമാരായി. മഹാഗഡ്ബന്ധന് 114 എം.എല്‍.എമാരാണുള്ളത്. നിയമസഭാ സെക്രട്ടറിക്കാണ് അവിശ്വാസ നൊട്ടീസിൽ തീരുമാനമെടുക്കാൻ വിവേചനാധികാരം.
ഞായറാഴ്ചയാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമടങ്ങുന്ന മഹാഗഡ്ബന്ധനുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് ബി ജെ പി സഹായത്തോടെ വിണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ച് എത്തിയത്. ഒമ്പതാം തവണയാണ് ബിഹാറിൽ നിതീഷ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
2022 ഓഗസ്റ്റ് 26 നാണ് അവധ് ബിഹാറി ചൌധരിയെ ബിഹാർ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. വിജയ് കുമാർ സിൻഹയെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് ഐകകണ്ഠ്യേന ഇദ്ദേഹത്തെ തിരഞ്ഞടുക്കുന്നത്. ഓഗസ്റ്റ് 9 ന് നിതീഷ് കുമാർ മുന്നണി മാറിയതിന് തുടർച്ചയായിട്ടായിരുന്നു അന്നത്തെ മാറ്റം.
വിജയ് കുമാർ സിൻഹ ഞായറാഴ്ച അധികാരമേറ്റ മന്ത്രിസഭയിൽ ഉപമുഖ്യ മന്ത്രിയാണ്. പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹം നിതീഷുമായി നിയമസഭയിൽ ഏറ്റവും അധികം ഏറ്റുമുട്ടിയിട്ടുള്ള വ്യക്തിയാണ്. ആർ എസ് എസ് പശ്ചാത്തമുള്ള ഭൂമിഹാർ വിഭാഗത്തിലെ നേതാവാണ്.