കരുവന്നൂർ ബാങ്കിൽ കണക്കുകൾ സൂക്ഷിക്കാതെ സ്റ്റോക്കിൽ തിരിമറി നടത്തിയെന്ന് വി.എൻ വാസവൻതിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപാര ഇടപാടുകളിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കാതെ സ്റ്റോക്കിൽ തിരിമറി നടത്തിയെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലെ പ്രധാന കണ്ടെത്തലാണിതെന്നും തിരുവഞ്ചാർ രാധാകൃഷ്ണൻ, ടി.ജെ വിനോദ്, ഉമാ തോമസ്, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നമിവർക്ക് മന്ത്രി രേഖാമൂലം മറുപടി നൽകി.
അന്വേഷണ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വ്യാജ മേൽവിലാസത്തിൽ അംഗത്വം നൽകി. അവർക്ക് തെറ്റായ രീതിയിൽ വായ്പകൾ അനുവദിക്കുകയും ചെയ്തു. നിക്ഷേപങ്ങൾക്ക് അധിക നിരക്കിലാണ് പലിശ നൽകിയത്. നടപടിക്രമങ്ങൾ പാലിക്കാതെയും, മതിയായ ഈടില്ലാതെയും വായ്പകൾ അനുവദിച്ച് ബാങ്കിന്റെ പണം നഷ്ടപ്പെടുത്തി.
പ്രതിമാസ നിക്ഷേപ പദ്ധതി ഇടപാടിൽ നടപടിക്രമങ്ങൾ പാലിക്കാതെയും, ഈടില്ലാതെയും തെറ്റായ രീതിയിൽ പണം അനുവദിച്ച് ബാങ്കിന് നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചുവെന്ന് മന്ത്രി അറിയിച്ചു.