അടൂര്‍: പത്തനംതിട്ട ജില്ല മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടൂരിൽ സംഘടിപ്പിച്ച, ഒരു പകൽ നീണ്ടു നിന്ന ഖുർആൻ ഫെസ്റ്റ് ആത്മീയ നിർവൃതി പകർന്ന് ശ്രദ്ധേയമായി. ഗ്രാന്റ് സൗത്ത് കേരളാ ഖുര്‍ആന്‍ ഫെസ്റ്റ് ‘തനാഫുസ് 2024’ എന്ന പേരിലാണ് വിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിലെ മദ്റസ വിദ്യാർഥികൾക്കും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അറബിക് കോളജ് വിദ്യാർഥികൾക്കും പ്രത്യേകം മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഖുർആൻ കാണാതെ പാരായണം ചെയ്യുന്ന വ്യത്യസ്ത ഇനങ്ങളിൽ പെൺകുട്ടികളും മികച്ച നിലവാരം പുലർത്തി. ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടു നിന്നു. വിജയികൾക്ക് കാഷ് പ്രൈസും മൊമൊന്‍റോയും ട്രോഫികളും വിതരണം ചെയ്തു. സമ്മാനാർഹരായ വിദ്യാർഥികളെ പരിശീലിപ്പിച്ച അധ്യാപകരെയും ആദരിച്ചു.
ഖുര്‍ആന്‍ ഫെസ്റ്റ് അബൂ തൽഹ അബ്ദുറഹ്മാൻ മൗലവി ഇടത്തറ ഉദ്ഘാടനം ചെയ്തു. ജില്ല മഹല്ല് കൂട്ടായ്മ അടൂർ താലൂക്ക് ചെയർമാൻ അബ്ദുൽ മജീദ് പന്തളം അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കലക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. സ്വാമി ആത്മദാസ് യമി മുഖ്യപ്രഭാഷണം നിർവഹിച്ചു. എല്ലാ മതങ്ങളുടെയും അന്തസത്ത സത്യസന്ധമായി പഠിപ്പിച്ചാൽ വിഭാഗീയ ചിന്തകളെ മാറ്റിനിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ ഹാഷിം ഹസനി അധ്യക്ഷത വഹിച്ചു. ഇന്ന് ശാസ്ത്ര ലോകം കണ്ടുപിടിച്ച പലതും 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുർആൻ രേഖപ്പെടുത്തിയതായി റമദാൻ സന്ദേശത്തിൽ പാളയം ഇമാം ഡോ. ഷുഹൈബ് മൗലവി പറഞ്ഞു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. അനുമോദനവും സഹായദനവും റവന്യൂവകുപ്പ് സ്പെഷൽ സെക്രട്ടറി സാബിർ ഹുസൈൻ നിർവഹിച്ചു. മുട്ടാർ ജമാഅത്ത് സെക്രട്ടറി മുജീബ് മങ്ങാരം, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.