ചങ്ങനാശേരി> ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കവേ പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (62) എന്നിവരാണ് മരിച്ചത്. എം സി റോഡിൽ കുറിച്ചി അഞ്ചൽകുറ്റിക്ക് സമീപം ചെറുവേലിപ്പടിയിൽ ചൊവ്വ രാത്രി എട്ടോടെയായിരുന്നു അപകടം.
സമീപത്തെ പുരയിടത്തിൽ നടന്ന കേരള കർഷക യൂണിയന്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുക്കാനത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും പ്രദേശവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച പരമേശ്വരന്റെ ഭാര്യ: രാജമ്മ. മക്കൾ: ദീപക്, ദീപേഷ്, ദീപിക. മരുമക്കൾ: നിത്യാ, ശരണ്യ, സനൽ. അന്നമ്മയാണ് മരിച്ച പി ഡി വർഗീസിന്റെ ഭാര്യ. മക്കൾ: ബിബിൻ, ബീന, ബിൻസി. മരുമകൻ: രാജീവ്.