സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് സ്വപ്നം കാണുന്നവർ നിരവധി. പലരും പലതവണ ശ്രമിച്ചാണ് ആ സ്വപ്നം പൂവണിയിക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പിതാവിനെ കണ്ടു വളർന്ന് അദ്ദേഹത്തിന്റെ പാത പിന്തുടരാൻ തീരുമാനിച്ച മകളുടെ കഥയാണ് പറയാൻ പോകുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരിയെ കുറിച്ച്. ബുധനാഴ്ചയാണ് രാധ രാധുരിയെ ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
സിവിൽ സർവീസിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവർത്തകയാകാനായിരുന്നു രാധ ആഗ്രഹിച്ചത്. മുംബൈയിൽ നിന്ന് ഹിസ്റ്ററിയിൽ ഓണേഴ്സ് ബിരുദം നേടിയശേഷമാണ് രാധ മാസ് കമ്യൂണിക്കേഷനിൽ പി.ജി ചെയ്തത്. അതു കഴിഞ്ഞ് ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പേഴ്സനൽ മാനേജ്മെന്റിലും പി.ജിയെടുത്തു. കോളജ് മാഗസിന്റെ എഡിറ്ററായ കാലത്തെ് നല്ലൊരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അവർ സ്വപ്നം കണ്ടു. കുറച്ച് കാലം ഇന്ത്യൻ എക്സ്പ്രസിന്റെ ബോംബെ എഡിഷനിൽ ജോലി ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇന്ത്യ ടുഡെയിലും.
1985ലാണ് രാധ രാധുരി ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. പിതാവിന്റെ നിർദേശപ്രകാരമായിരുന്നു അത്. പരീക്ഷ പാസായി എന്നു മാത്രമല്ല, ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി ലഭിക്കുകയും ചെയ്തു. ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷയെഴുതാൻ അവർ തീരുമാനിച്ചു. ഇത്തവണ ഐ.പി.എസ് ആണ് ലഭിച്ചത്. ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോഴും വിജയം കൂടെതന്നെയായിരുന്നു. എന്നാൽ അതിന് കൂടുതൽ തിളക്കുമുണ്ടായിരുന്നു.കാരണം ഐ.എ.എസ് ആയിരുന്നു ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ മൂന്നുതവണയും വിജയം സ്വന്തമാക്കിയ അപൂർവം ആളുകളിൽ ഒരാളാണ് രാധ രാധുരി. ആദ്യം മധ്യപ്രദേശ് കാഡറിലായിരുന്നു ജോലി ലഭിച്ചത്. പിന്നീട് യു.എപി കാഡറിലേക്ക് മാറ്റം ലഭിച്ചു. വിവാഹം കഴിഞ്ഞതോടെ സ്ഥലംമാറ്റത്തിനായി അവർ അപേക്ഷ നൽകുകയായിരുന്നു.
10 വർഷം ഉത്തരാഖണ്ഡിലെ ഇലക്ടറൽ ഓഫിസറായിരുന്നു രാധ. അവരുടെ ഭർത്താവ് അനിൽ രാധുരി ഐ.പി.എസ് ഓഫിസറാണ്. 2020 നവംബറിൽ അദ്ദേഹം ഉത്തരാഖണ്ഡ് ഡി.ജി.പിയായി വിരമിച്ചു. മികച്ച ബ്യൂറോക്രാറ്റ് എന്നതിലുപരി, നല്ലൊരു എഴുത്തുകാരിയും ഫോട്ടോഗ്രാഫറും നാടോടി ഗായികയുമാണ് രാധ.