തിരുവനന്തപുരം: കൊല്ലം പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേരെ സർവിസില്‍നിന്ന് സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആർ. ശ്യാംകൃഷ്ണ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായുള്ള നടപടി. ജി.എസ്. ജയലാലിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താൻ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തി. അനീഷ്യയുടെ ഡയറിക്കുറിപ്പിലെ വെളിപ്പെടുത്തൽ കൊല്ലം ക്രൈംബ്രാഞ്ച് അസി. കമീഷണറുടെ നേതൃത്വത്തിലെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.