കൊയിലാണ്ടി> കാപ്പാട് ബീച്ചിന് വീണ്ടും എഫ്ഇഇ (ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ. സംസ്ഥാനത്ത് ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ബീച്ചാണിത്. 2020ലാണ് രാജ്യത്തെ മറ്റു ഏഴ് ബീച്ചുകൾക്കൊപ്പം കാപ്പാടിന് ആദ്യമായി ബ്ലൂഫ്ലാഗ് പദവി ലഭിച്ചത്. പരിസ്ഥിതി സൗഹൃദ സമീപനം, സൗരോർജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ, പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ കണക്കിലെടുത്താണ് കാപ്പാടിന് ഇത്തവണയും ബ്ലൂഫ്ലാഗ് ലഭിച്ചത്.കഴിഞ്ഞ തവണ ഗുജറാത്തിലെ ശിവരാജ്പൂർ, ദിയുവിലെ ഗോഗ്ല, കർണാടകത്തിലെ കാസർകോട്, പടുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷിക്കൊണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ രാധാനഗർ എന്നീ ബീച്ചുകൾക്കൊപ്പമാണ് കാപ്പാടിന് സർട്ടിഫിക്കേഷൻ ലഭിച്ചത്. ‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങളിലൊന്ന്’ എന്ന കാപ്പാടിന്റെ പദവിയെയാണ് അംഗീകാരം സൂചിപ്പിക്കുന്നത്.
എഫ്‌ഇഇയും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറും ചേർന്നാണ് ലോകത്തിലെ പ്രധാന കടൽത്തീരങ്ങളെ പരിശോധിച്ച് പദവി നൽകുന്നത്. വൃത്തിയുള്ള മണൽ, കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്റ് തുടങ്ങി 33 കർശനമായ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് പദവി നൽകുന്നത്. അംഗീകാരത്തിന്റെ ഭാഗമായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ തവണ നടത്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് തീരം നിയന്ത്രിക്കുന്നത്. ഈ പദവി ലഭിച്ച തീരങ്ങൾ തേടി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾ എത്തിച്ചേരാറുണ്ടെന്നത് വിനോദ സഞ്ചാര മേഖലയിൽ കാപ്പാടിന്റെ സ്ഥാനം വീണ്ടുമുയരാൻ കാരണമാകും.