മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാർത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ലോകത്ത് ഉണ്ടായത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണപ്പെട്ടന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ഠിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
താൻ മരിച്ചെന്ന് പ്രചരിപ്പിച്ചത് ഗര്‍ഭാശയ കാന്‍സര്‍ (സെർവിക്കൽ കാൻസർ) ബോധവല്‍ക്കരണത്തിനെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തർ പ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയോട് നടിയുടെ കുടുംബം പ്രതികരിച്ചിരുന്നില്ല.
‘ഞാൻ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെർവിക്കൽ ക്യാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അർബദു രോഗങ്ങളെ പോലെയല്ല, സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തടയാവുന്നതാണ്. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും വാക്സിനിലൂടെയും സെർവിക്കൽ കാൻസറിനെ ചെറുക്കാനാവും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പാണ്ഡെയുടെ വിശദീകരണം.
പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. ‘ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്’- എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്.