രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിലെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയ്ക്ക് സാക്ഷികളാവാൻ കഴിഞ്ഞു. ഇവിടുത്തെ പെൺകടുവയായ റിദ്ദിയുടെ സാഹസികത നിറഞ്ഞ പെരുമാറ്റമാണ് ഇവരെ അമ്പരപ്പിച്ചത്. ഈ ദേശീയോദ്യാനത്തിൽ കടുവകളും പുള്ളിപ്പുലികളും അടക്കം അനേകം മൃഗങ്ങളുണ്ട്. അതുപോലെ തന്നെ ഈ വനത്തിലെ തടാകങ്ങളിൽ മുതലകളേയും കാണാം. ഈ തടാകത്തിൽ നിന്നും അധികം ദൂരെയല്ലാതെ നിൽക്കുകയായിരുന്നു വിനോദ സഞ്ചാരികൾ. ആ സമയത്താണ് ദാഹം മാറ്റാനായി റിദ്ദി തടാകത്തിനടുത്തെത്തിയത്. എന്നാൽ, തടാകത്തിന് മുന്നിലെത്തിയപ്പോൾ അതിൽ നിന്നും ഒരു മുതല തല നീട്ടുന്നതാണ് കണ്ടത്. അതോടെ റിദ്ദി ക്രുദ്ധയായി. അത് മുതലയ്ക്ക് നേരെ കുതിച്ചു ചാടുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത്.
പിന്നീട് കാണുന്നത് മുതല അവിടെ നിന്നും രക്ഷപ്പെടുന്നതാണ്. റിദ്ദി കുതിച്ചു ചാടിയ അതേ സമയത്ത് തന്നെ അവിടെ നിന്നും മുതല വെള്ളത്തിലേക്ക് തന്നെ തിരികെ പോകുന്നു. പിന്നീട് കുറേ ദൂരത്താണ് മുതലയുടെ തല കാണാൻ സാധിക്കുക. റിദ്ദി കുറച്ച് നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് കാണാം. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായത്. ടൂറിസ്റ്റുകൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ പകർത്തിയ ദൃശ്യങ്ങളാണിത്. രൺതംബോർ ദേശീയ ഉദ്യാനത്തിലെ ഉദ്യോഗസ്ഥർ തന്നെയാണ് പിന്നീട് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. റിദ്ദി മുതലയെ അക്രമിക്കുന്നു എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
കാട്ടിലെ കാഴ്ചകളും, ഒരുമയും, അതുപോലെ തന്നെ വേട്ടയാടലുകളും എല്ലാം മനുഷ്യർക്ക് എന്നും കൗതുകമാണ്. ആ കാഴ്ചകൾ കാണാനിഷ്ടപ്പെടുന്നവരെ ഈ വീഡിയോ ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.