ഗുവാഹത്തി: സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യം ഭരിച്ചവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ കാരണങ്ങളാൽ അവർ സ്വന്തം സംസ്കാരത്തിൽ ലജ്ജിക്കുന്ന പ്രവണതയാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അസമിൽ 11,600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആയിരക്കണക്കിന് വർഷത്തെ വെല്ലുവിളികൾക്കിടയിലും തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്. ഇവയിൽ പലതും നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഭരിച്ചവർ ഇത്തരം ആരാധനാലയങ്ങളുടെ മൂല്യത്തെയും പ്രാധാന്യത്തെയും മനസ്സിലാക്കാതെ അവഗണിച്ചു. ഒരു രാജ്യത്തിനും അതിന്‍റെ ഭൂതകാലം മറന്നും വേരുകൾ മുറിച്ച് നീക്കിയും വികസിക്കാനാവില്ല. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി -മോദി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിനിടെ റെക്കോഡ് വിനോദസഞ്ചാരികളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ഉയർത്തിക്കാണിക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കും. അതുകൊണ്ടാണ് ഈ വർഷത്തെ ബജറ്റിൽ ടൂറിസത്തിന് ഊന്നൽ നൽകിയത്. അസമിലും നോർത്ത് ഈസ്റ്റിലും അതിനുള്ള വലിയ അവസരമുണ്ട്. ഇന്ന്, അസമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേഷ്യക്ക് തുല്യമായി വികസിക്കുന്നത് കാണാൻ യുവാക്കൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നം മോദിയുടെ തീരുമാനമാണ്. ഇതാണ് മോദിയുടെ ഗ്യാരന്‍റി -അദ്ദേഹം പറഞ്ഞു.