തിരുവനന്തപുരം > സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ 25 വർഷം പിന്നിടുന്ന വേളയിൽ പുതിയ ഉപജീവന പദ്ധതി പ്രഖ്യാപിച്ചു. കെ ലിഫ്റ്റ് (K-LIFT – Kudumbashree Livelihood Initiative Transformation) എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനമായി. കുടുംബശ്രീ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ചലനാത്മകമാക്കാനും സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിനിൽ നിന്നും ഊർജമുൾക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഒരു വർഷം കൊണ്ട് 3 ലക്ഷം സ്തീകൾക്ക് ഉപജീവന മാർഗ്ഗം ഉറപ്പുവരുത്തി, അവരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ, വിവിധ വായ്പാ പദ്ധതികൾ ഉൾപ്പെടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് നടപ്പാക്കുന്നത്. കുടുംബശ്രീയെ പുതിയ ദിശയിലേയ്ക്ക് നയിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബജറ്റിൽ 265 കോടി രൂപയാണ് കുടുംബശ്രീക്കായി വകയിരുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 5 കോടി അധികമാണ് ഇത്.