തിരുവനന്തപുരം : കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് സംവിധാനം ദുരുപയോഗിച്ചു. ലൈഫ് മിഷന്‍ പണം കമ്മിഷന്‍ തുകയെന്ന് വ്യക്തമായി. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതു തെളിവെന്നും സതീശന്‍ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. ത്രില്ലര്‍ കഥകള്‍ കേള്‍ക്കുന്നതു പോലെയാണിത്. സ്വപ്നയെ ടൂള്‍ ആക്കിയോ എന്നു സര്‍ക്കാര്‍ പറയണം. ശിവശങ്കറിനെ തിരിച്ചെടുത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇത്ര തിടുക്കപ്പെട്ട് തിരിച്ചെടുത്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആണെന്നാണു സംശയം.
ഭരണത്തില്‍ സ്വാധീനം ചെലുത്തി നിര്‍ണായക രേഖകള്‍ നശിപ്പിക്കാനാണ് ശിവശങ്കറിനെ വീണ്ടും നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഇടനാഴിയില്‍ നടന്നവരാണ് ശിവശങ്കറും സ്വപ്നയും. ഏതു രീതിയില്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.