ആലപ്പുഴ: ചേർത്തല താലൂക്കിലെ കുത്തിയതോട് തിരുവിതാംകൂറിലെ രാജഭരണ കാലം മുതൽ പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കിഴക്ക് വേമ്പനാട്ടുകായലുമായി ബന്ധപ്പെടുന്ന തോട് വീതിയിൽ കുത്തി ഉണ്ടാക്കിയതിനാലാണ് കുത്തിയതോട് എന്ന പേര് കിട്ടിയത്. തിരുവിതാംകൂറിലെ പൂച്ചാക്കൽ, കുത്തിയതോട് എന്നിവിടങ്ങളിലേക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളും മറ്റെല്ലാ സാധനങ്ങളും എത്തിച്ചിരുന്നത് വലിയവള്ളങ്ങളിലായിരുന്നു.കൊച്ചിയിൽ വ്യവസായ ആവശ്യങ്ങൾക്ക് എത്തുന്ന വിദേശികൾ, അരൂക്കുറ്റി, പൂച്ചാക്കൽ, കുത്തിയതോട് എന്നീ ഗ്രാമപ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോകുന്ന വലിയ വള്ളങ്ങളിൽ നാടുകാണാൻ കയറിക്കൂടുന്നത് വിനോദ സഞ്ചാരത്തിന്റെ തുടക്കമായിരുന്നു. ചെല്ലാനം, പള്ളിത്തോട്, തഴുപ്പ് തുടങ്ങിയ ഗ്രാമീണമേഖലകളിൽനിന്ന് ജലമാർഗം വള്ളങ്ങളിൽ ആളുകൾ കച്ചവടത്തിനും സാധനങ്ങൾ വാങ്ങാനും കുത്തിയതോട് ടൗണിൽ എത്തിയിരുന്നു.
വിദേശികളും ചെറുവള്ളങ്ങളിൽ ഗ്രാമീണമേഖലകളിലേക്ക് ജലയാത്ര നടത്തി. വല്ലേതോട് തട്ടുങ്കൽ വീട്ടിൽ ജോൺ കൊച്ചി രൂപതയുടെ ബിഷപ് ആയതിനുശേഷം വിദേശങ്ങളിൽനിന്ന് ബിഷപ്പിന്റെ നാടുകാണാൻ എത്തിയവർ വള്ളങ്ങളിൽ കായൽയാത്ര നടത്തിയത് വിദേശീയരുെട വിനോദ സഞ്ചാരത്തിെൻറ തുടക്കമായി. 1998ൽ തഴുപ്പിൽ ആദ്യത്തെ പ്രഫഷനൽ വിനോദസഞ്ചാര കേന്ദ്രം സ്വകാര്യസംരംഭമായി ആരംഭിച്ചു. വർഷങ്ങളുെട പരിശ്രമത്തിലാണ് ഇവിടുത്തെ വിനോദസഞ്ചാരം സജീവമായത്. പച്ചത്തുരുത്തുകൾ, വീതികുറഞ്ഞ കായലുകൾ, തെങ്ങുകൾ തണൽ വിരിച്ച വീതിയുള്ള തോടുകളിലൂടെ ഒഴുകുന്ന വഞ്ചികൾ ഇവയൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ. കഴുക്കോൽകൊണ്ട് ഊന്നുന്ന വലിയ വള്ളങ്ങളിലാണ് സഞ്ചാരികൾ യാത്ര ചെയ്യുന്നത്. ഗ്രാമീണക്കാഴ്ചകൾ ആസ്വദിച്ച് പോകുന്ന വള്ളങ്ങൾ ഇവിടെ പതിവ് കാഴ്ചയാണ്.
വലവീശിയും ചൂണ്ട ഉപയോഗിച്ചുള്ള മീൻപിടിത്തവും കയർപിരിയും വഞ്ചികളിലിരുന്ന് ആസ്വദിക്കാം. മായമില്ലാത്ത മീനും കയറുൽപന്നങ്ങളും നേരിൽ വാങ്ങാം. കാഴ്ചകൾ അടുത്തുനിന്ന് കണ്ട് ആസ്വദിക്കാൻ സൗകര്യമുണ്ട്. കടൽവരെ എത്തുന്ന തോടുകളിലൂടെയുള്ള ജലസഞ്ചാര കാഴ്ച അപൂർവമാണ്.
വടക്കൻ സംസ്ഥാനങ്ങളിൽനിന്നും പല വിദേശ രാജ്യങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികൾ കഴിഞ്ഞ നാളുകളിൽ ഇവിടെ എത്തിയിരുന്നു. വിനോദസഞ്ചാരമേഖല പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് കോവിഡ് ഇതിനെ നിശ്ചലമാക്കിയത്. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഈ മേഖലക്ക് ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് കോടികൾ മുടക്കിയ സ്വകാര്യസംരംഭകർ. ഇതിന് പുറമെ സർക്കാർ കോടികൾ മുടക്കിയിട്ടും പൂർത്തിയാകാത്ത നിരവധി വിനോദസഞ്ചാര പദ്ധതികളുണ്ട്. കുത്തിയതോടിനെ സംരക്ഷിച്ച് ശുചിയാക്കി കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന പദ്ധതികളും ആവിഷ്കരിച്ചാൽ പഞ്ചായത്തിനുകൂടി ഉത്തരവാദിത്തമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി കുത്തിയതോടിനെ വളർത്താനാകും.