ദില്ലി : വെര്‍ച്യുല്‍, ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളിലേക്ക് കൊണ്ടുവന്നെന്ന ബജറ്റ് പ്രഖ്യാപനത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനാകാതെ നിക്ഷേപകര്‍. 30 ശതമാനം നികുതിയെന്ന നിരക്ക് വളരെ കൂടുതലാണെന്നത് ഉള്‍പ്പെടെയുള്ള പരാതിയാണ് രാജ്യാന്തര ക്രിപ്‌റ്റോ വിദഗ്ധര്‍ക്കുള്ളത്. ക്രിപ്‌റ്റോ ഉള്‍പ്പെടെയുള്ള വിര്‍ച്യുല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി അംഗീകരിച്ചത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ക്രിപ്‌റ്റോ നയങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് ആക്ഷേപം.
ഡിജിറ്റല്‍ , വെര്‍ച്യുല്‍ ആസ്തികള്‍ ആര്‍ജിക്കാനുള്ള ചെലവ് കണക്കിലാക്കിക്കൊണ്ടുള്ള കിഴിവോ നികുതി ഇളവോ ഉണ്ടാകില്ലെന്നതാണ് നിക്ഷേപകരെ നിരാശരാക്കിയത്. ഇത്തരം ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വരുമാനത്തില്‍ നിന്ന് നികത്താനാകില്ലെന്ന പ്രശ്‌നവും വരുമെന്നും നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഒരൊറ്റ നിര്‍ദ്ദേശമെന്നത് ശരിയായ രീതിയല്ല. വിവിധതരം ഡിജിറ്റല്‍ ആസ്തികളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഉചിതമായ നയപ്രഖ്യാപനം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
ഡിജിറ്റല്‍ ആസ്തികളെ ഇനിയും പരിഗണിക്കാതിരിക്കാനാകില്ല എന്ന സാഹചര്യമാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നതോടെ തത്വത്തില്‍ ക്രിപ്റ്റോ ആസ്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയാണ്. ആദായ നികുതി വകുപ്പ് നിയമങ്ങള്‍ അനുസരിച്ച് തന്നെ ക്രിപ്റ്റോ കറന്‍സികള്‍ക്കും നികുതി ചുമത്തണമെന്ന ആവശ്യം നിക്ഷേപകര്‍ തന്നെ മുന്നോട്ടുവെച്ചിരുന്നു.
ക്രിപ്റ്റോ കറന്‍സി മേഖലയെ ഇനിയും അവഗണിക്കാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണത്തിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.