മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മങ്കേഷ്കർ.
ജനുവരി എട്ടിന് ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ആരോഗ്യനില വഷളായതായാണ് പുറത്തുവരുന്ന വിവരം. കോവിഡും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ലത മങ്കേഷ്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണകൾ പരത്തരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് ബന്ധുക്കൾ രംഗത്തെത്തി. ലത മങ്കേഷ്കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.