മുംബെ> മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മറ്റൊരു പേര് കണ്ടെത്താന്‍ ശരദ് പവാര്‍ വിഭാഗത്തിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇതോടെ പാര്‍ട്ടി ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് സ്വന്തമായി
ഇരുപക്ഷത്തിന്റെ വാദങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം. പാര്‍ട്ടി പിളര്‍ത്തിയാണ് അജിത് പവാര്‍ പക്ഷം ബിജെപിയോടൊപ്പം ചേര്‍ന്നത്. കമ്മീഷന്‍ ഇത് അംഗീകരിച്ചത് ശരദ് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയായി. തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.
നേരത്തെ ശിവസേന പിളര്‍പ്പിനെ തുടർന്നും സമാനമായ ഉത്തരവാണ് ഉണ്ടായത്. ആറ് മാസത്തിനുള്ളില്‍ പത്ത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേട്ടത്.
ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എന്‍.സി.പി എം.എല്‍.എമാരും ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ശരദ് പവാറിനെ തള്ളിപ്പറയാന്‍ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസില്‍ ശരദ് പവാറിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.