കാസർകോട്: കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കാസർകോഡ് ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളിൽ നിന്നാണ് 43 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.
ചൗക്കിയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷ നിർത്താതെ പോയി. പോലീസ് പിന്തുടർന്ന് പിടികൂടിയ വാഹനത്തിൽ നിന്ന് 22 കിലോ കഞ്ചാവ് കണ്ടെടുത്തു. 10 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നെല്ലിക്കട്ട സ്വദേശി അബ്ദുൽ റഹ്മാൻ, പെരുമ്പളക്കടവ് സ്വദേശി അഹമ്മദ് കബീർ, ആദൂർ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെ പിടികൂടി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അബ്ദുൽ റഹ്മാൻ താമസിക്കുന്ന ബദിയടുക്കയിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 23 കിലോ കഞ്ചാവ് ഇവിടെ നിന്നും കണ്ടെടുത്തു.അറസ്റ്റിലായ മൂന്ന് പേരും വൻകിട കഞ്ചാവ് കടത്ത് സംഘത്തിലെ ഏജന്റുമാരാണ്. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതും ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതും ഇവരാണ്. അഹമ്മദ് കബീർ 2009ൽ കാസർകോട് നടന്ന ദാവൂദ് വധക്കേസിലെ പ്രതിയാണ്.