പഞ്ചാബ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരണവുമായി മനീഷ് തിവാരി. പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലാണ് അത്ഭുതമെന്നും ഈ നീക്കം താന്‍ പ്രതീക്ഷിച്ചിരുന്നെന്നും മനീഷ് വ്യക്തമാക്കി. ഇതിനുള്ള കാരണങ്ങള്‍ രഹസ്യമൊന്നുമല്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിനുനേരെ മനീഷ് തിവാരിയുടെ ഒളിയമ്പ്. പാര്‍ട്ടി നേതൃത്വത്തില്‍ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് മനീഷ് തിവാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
ഈ സംഭവം മുന്‍നിര്‍ത്തിയാണ് താരപ്രചാരകരുടെ പട്ടികയില്‍ നിന്നും തന്നെയും ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കിയതെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു തിവാരിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നലെയാണ് പഞ്ചാബ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തിറങ്ങുന്നത്. സോണിയാ ഗാന്ധി , രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി , മന്‍മോഹന്‍ സിങ് എന്നിവരുള്‍പ്പെടെ 30 നേതാക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടിക പുറത്തിറക്കിയത്. താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് മനീഷ് തിവാരിയുടേയും ഗുലാം നബി ആസാദിന്റേയും പേരുകള്‍ ഒഴിവാക്കിയതിന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുകയുന്നുണ്ട്.
അതിനിടെ പഞ്ചാബിലേക്കുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനവും കോണ്‍ഗ്രസിന് തലവേദനയാകുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി നാളെ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പ്രതിസന്ധി. പിസിസി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു പരസ്യപ്രതികരണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കുന്നതും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കും സിദ്ദുവിനും രണ്ടര വര്‍ഷം വീതം നല്‍കാനാണ് ആലോചന. എന്നാല്‍ മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.