ഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്. യുദ്ധം പൂർണമായും അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥരെയാണ് ഹമാസ് ഇതിന്റെ വിശദാംശങ്ങൾ അറിയിച്ചത്.
പദ്ധതി പ്രകാരം ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രായേൽ പൗരൻമാരേയും വിട്ടയക്കും. ഇതിന് പകരമായി 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കണം. ഇതിനൊപ്പം ഗസ്സയുടെ പുനർനിർമാണം, ഇസ്രായേൽ സൈന്യത്തിന്റെ ഫലസ്തീനിൽ നിന്നുള്ള പൂർണപിന്മാറ്റം എന്നി ആവശ്യങ്ങളും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
45 ദിവസങ്ങൾ വീതമുള്ള മൂന്ന് ഘട്ടങ്ങളാണ് കരാറിനുണ്ടാവുക. ഇതിൽ ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ പൗരൻമാരിൽ 19 വയസിന് താഴെയുള്ള പുരുഷൻമാരേയും സ്ത്രീകളേയും കുട്ടികളേയും രോഗംബാധിച്ച വയോധികരേയും വിട്ടയക്കും. രണ്ടാംഘട്ടത്തിൽ മുഴുവൻ പുരുഷ തടവുകാരേയും വിട്ടയക്കും. മൂന്നാംഘട്ടത്തിൽ മൃതദേഹങ്ങൾ കൈമാറും. മൂന്നാംഘട്ടം അവസാനിക്കുന്നതിന് മുമ്പ് ഇസ്രായേലുമായി കരാറിലെത്തി യുദ്ധം എന്നേക്കുമായി തീർക്കുകയാണ് ഹമാസ് പദ്ധതി. കരാറിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായത്തിൽ വർധന വരുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹമാസിന്റെ നിർദേശത്തോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഹമാസിനെ പൂർണമായും നശിപ്പിക്കാതെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പല തവണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹമാസിന്റെ നിർദേശത്തോട് പൂർണമായും യോജിക്കുന്ന നിലപാടല്ല യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്വീകരിച്ചിരിക്കുന്നത്.