ആലുവ: വികസനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ പുതിയ ഇന്ത്യയിൽ കണക്കുകളെ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ. നോട്ട് നിരോധനവും മഹാവ്യാധിയും ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2015-16 കാലഘട്ടങ്ങളിലെ നിലയിലേക്ക് പോലും തിരിച്ചു കയറിയിട്ടില്ല. ഈ അവസരത്തിൽ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെക്കാൾ നമ്മൾ മുന്നേറി എന്ന് പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ന്യൂ ഇന്ത്യ ആൻഡ് ന്യൂ എക്കണോമി എന്ന സെമിനാറിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ കടുത്ത തൊഴിലില്ലായ്മയാണ് അനുഭവപ്പെടുന്നത്. 24 ശതമാനത്തോളമാണ് ഇന്ത്യൻ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇന്ത്യയെക്കാൾ വളരെ ചെറിയ രാജ്യമായ ബംഗ്ലാദേശിൻറെ ഇരട്ടിയോളം ആണിത്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ എക്കോണമി. രാഷ്ട്ര നിർമ്മാണം നടക്കുന്നത് പാർലമെൻറിലോ സെക്രട്ടറിയേറ്റുകളിലോ അല്ല മറിച്ച് ക്ലാസ് മുറികളിലാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്ര വകുപ്പ് അധ്യക്ഷ ഡോ. ആൻ ജോർജ്, ആർ. രാജലക്ഷ്മി, മറിയം മുഹമ്മദ് സിദ്ദിഖ് എന്നിവർ സംസാരിച്ചു.