സ്റ്റോക്ക്ഹോം: നിരവധി തവണ ഖുർആൻ കത്തിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇറാഖ് സ്വദേശിയായ അഭയാർഥിയെ നാടുകടത്താൻ സ്വീഡനിലെ മൈഗ്രേഷൻ കോടതി ഉത്തരവിട്ടു. 2023ൽ സ്വീഡനിലെ മുസ്‍ലിം രാജ്യങ്ങളുടെ എംബസികൾക്കും മുസ്‍ലിം പള്ളികൾക്കും മുന്നിൽ ഖുർആൻ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സൽവാൻ മോമിക(37)യെയാണ് നാടുകടത്തുക.
നാടുകടത്താനുള്ള മൈഗ്രേഷൻ ഏജൻസിയുടെ തീരുമാനം ശരിവെച്ച കോടതി, ഇതിനെതിരെ കഴിഞ്ഞ വർഷം സൽവാൻ സമർപ്പിച്ച അപ്പീൽ തള്ളിയതായും സ്വീഡിഷ് റേഡിയോ സ്റ്റേഷൻ എകോട്ട് റിപ്പോർട്ട് ചെയ്തു. റസിഡൻസ് പെർമിറ്റ് അപേക്ഷയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സൽവാൻ നൽകിയതെന്നും കോടതി നിരീക്ഷിച്ചു.
2021ലാണ് ഇയാൾക്ക് സ്വീഡനിൽ സ്ഥിര താമസാനുമതി ലഭിച്ചത്. വിവാദത്തെ തുടർന്ന് 2023 ഒക്ടോബർ 26ന് മൈഗ്രേഷൻ ഏജൻസി സൽവാനെ നാടുകടത്താൻ തീരുമാനിച്ചു. എന്നാൽ, ഇറാഖിൽ പീഡിപ്പിക്കപ്പെടുമെന്ന ആശങ്ക കാരണം ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് താൽക്കാലിക താമസാനുമതി നൽകുകയായിരുന്നു. 2024 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി.
ഗുരുതര കുറ്റകൃത്യത്തിൽ സൽവാൻ പങ്കാളിയാണെന്ന് കണ്ടെത്തിയ കോടതി, നാടുകടത്തലിനു പുറമേ അഞ്ച് വർഷത്തേക്ക് സ്വീഡനിലേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂൺ 28 മുതൽ സ്വീഡനിൽ ഖുർആനിനെ അവഹേളിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വിവിധ രാജ്യങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയും സ്വീഡൻ അംബാസഡർമാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
സ്റ്റോക്ഹോമിൽ ഖുർആൻ കത്തിച്ചതിൽ മുസ്‍ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുസ്‍ലിംവിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്ട്രതലത്തിൽ നിയമനിർമാണം കൊണ്ടുവരണമെന്നും 57 മുസ്‍ലിം രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധഗ്രന്ഥത്തയും ഇകഴ്ത്തി കാണിക്കുന്ന രീതിയെ ആവിഷ്കാര സ്വാത്വന്ത്യവുമായി ചേർത്തു കാണുന്നത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി പറഞ്ഞു.