ന്യൂഡൽഹി: നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കർഷകരുടെ പ്രതിഷേധാഹ്വാനം കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തിയതോടെ ഗതാഗതക്കുരുക്കിൽ മുങ്ങി ദേശീയപാത. ഡൽഹി-നോയിഡ അതിർത്തിയിലാണ് വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.
കർഷകർ രാജ്യതലസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് തടയാൻ പൊലീസ് വലിയ മുൻകരുതലാണ് സ്വീകരിച്ചിരിക്കുന്നത്. ഹെവി ഡ്യൂട്ടി ബുൾഡോസറുകൾ, ബാക്ക്ഹോ മെഷീനുകൾ, വിക്രാന്ത് ലോജിസ്റ്റിക് വാഹനങ്ങൾ, കലാപ നിയന്ത്രണ വാഹനങ്ങൾ, ജലപീരങ്കികൾ എന്നിവ അണിനിരത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുള്ളത്.അതേസമയം, പ്രതിഷേധവുമായെത്തിയ കർഷകരെ നോയിഡയിലെ മഹാമായ മേൽപാലത്തിന് സമീപം വെച്ച് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു.കനത്ത പരിശോധനയിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിലപാട് യാത്രക്കാരെ വലച്ചു. മണിക്കൂറുകളോളം റോഡിൽ കാത്തിരിക്കുകയാണ് ചെറുതും വലതുമായ വാഹനങ്ങൾ. ഗതാഗതം അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ആവശ്യമെങ്കിൽ റോഡ് പൂർണമായും തടയുമെന്നും അതിർത്തിയിലെ മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സരിത വിഹാറിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.
നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും കർഷക സംഘങ്ങൾ 2023 ഡിസംബർ മുതൽ സമരത്തിലാണ്. പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്ത തങ്ങളുടെ കാർഷിക ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പാർലമന്റെ് മാർച്ച് നടത്താനാണ് കർഷരുടെ തീരുമാനം.