ന്യൂഡൽഹി: പഞ്ചാബിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ ഇൻഡ്യ മുന്നണിയുമായി സഖ്യമില്ലെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. പഞ്ചാബിലും ഛണ്ഡിഗഢിലുമുള്ള 14 സീറ്റുകളിലും എ.എ.പി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ പഞ്ചാബിലെ 13 സീറ്റുകളിലേക്കും ഛണ്ഡിഗഢിലെ ഒരു സീറ്റിലേക്കുമുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. പഞ്ചാബിലെ ഖന്നയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് സർക്കാറിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. നിങ്ങൾ ഞങ്ങളുടെ കൈകൾ കൂടുതൽ ശക്തമാക്കുമ്പോൾ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് ഊർജമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം മുമ്പ് 117 സീറ്റുകളിൽ 92 എണ്ണം നൽകി നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോൾ നിങ്ങളിൽ നിന്നും വീണ്ടും അനുഗ്രഹം തേടാൻ താൻ എത്തിയിരിക്കുകയാണ്. നേരത്തെ അസമിലെ മൂന്ന് സീറ്റുകളിൽ മത്സരിക്കുമെന്ന് എ.എ.പി എം.പി സന്ദീപ് പതക് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻഡ്യ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതി ഇല്ലെന്നാണ് വിവരം.