ചെന്നൈ> ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ നിരന്തരം കേള്‍ക്കുന്ന ധര്‍മപുരിയില്‍ നിന്നും ദളിത് വിവേചനത്തിന്റെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായകൊടുത്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് ചായ നല്‍കിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. 60കാരി ചിന്നതായി, മകന്റെ ഭാര്യ 32കാരി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയായ സെല്ലി എന്ന 50കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെല്ലിയെ കൂടാതെ ശ്രീപ്രിയ, വീരമ്മാള്‍, മാരിയമ്മാള്‍ എന്നിവര്‍ക്കാണ് ചിരട്ടയില്‍ ചിന്നതായും മരുമകളും ചായ നല്‍കിയത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു എന്നാണ് വിവരം
ദളിത് വിഭാഗത്തിന്റേതല്ലാത്ത തൊഴിലിടങ്ങളില്‍ സമാനസംഭവങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗക്കാരോട് കാട്ടുന്ന വിവേചനത്തിന്റെ പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളില്‍ മാത്രമല്ല തൊഴിലടങ്ങളിലും ഇത് പതിവാണെന്ന് അവര്‍ പറയുന്നു.എന്നാല്‍ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൗഡര്‍ വിഭാഗത്തിലെ എം ശിവ എന്നയാള്‍ ആരോപിച്ചു