മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാനക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ദൗത്യസംഘത്തെ നാട്ടുകാർ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് മുന്നിൽ നിന്ന് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്‍റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാൻ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാൽ, ബേലൂർ മഖ്ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ ഇവരെ തടഞ്ഞത്. ഡി.എഫ്.ഒ സ്ഥലത്തെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് സമീപത്തെ വീട്ടുമതില്‍ ചാടിക്കടന്ന് മുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ വൻ പ്രതിഷേധമാണ് മാനന്തവാടി നഗരത്തിൽ അരങ്ങേറിയത്. സ്ഥലത്തെത്തിയ എസ്.പിയെയും ജില്ല കലക്ടറെയും അടക്കം ജനം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അധികൃതരുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം സംബന്ധിച്ച് പ്രാഥമിക ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്. അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ചർച്ചയിൽ ധാരണയായിരുന്നു.