അരൂര്‍: ആനയിടഞ്ഞ് ആളുകള്‍ ജീവനുംകൊണ്ട് ഓടുന്നതിനിടെ കുമര്‍ത്തുപടി ക്ഷേത്രാങ്കണത്തില്‍ യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. മൂന്നു ദിവസം മുന്‍പുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. സംഘട്ടനത്തിനിടെ കൂട്ടുകാരനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച അരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കണ്ടോത്ത് സിബിയുടെ മകന്‍ ആല്‍ബിന്(22) കുത്തേറ്റു.എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തു. അക്രമി സംഘത്തെകുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവര്‍ ഏറ്റുമുട്ടുന്ന വീഡിയോ ചിലര്‍ എടുത്തിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതില്‍ സംഘട്ടനത്തിലേര്‍പ്പെട്ടവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും അരൂര്‍ പോലീസ് അറിയിച്ചു.ചൊവ്വാഴ്ച രാത്രി 9.45-ഓടെയാണ് ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിൽ ആന ഇടഞ്ഞത്. നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ചാലക്കുടി സ്വദേശി സജിയെ ആന തട്ടിവിഴ്ത്തി എങ്കിലും ഇയാള്‍ അത്ഭുതകരമായി പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതോടെ ഭീതിയില്‍ ഉത്സവം കാണാനെത്തിയവര്‍ പലവഴിക്കോടി. കസേരകളില്‍ തട്ടി പലരും മറിഞ്ഞ് വീണെങ്കിലും അവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പഴക്കുലകള്‍ നല്‍കി ആനയെ ശാന്തമാക്കുന്നതിനിടെയാണ് പൊടുന്നനെ ആന ദേശീയപാതയിലൂടെ വടക്കോട്ട് ഓടിയത്. അരൂര്‍ പെട്രോള്‍ പമ്പിന് സമീപം രാത്രി 12.30 ഓടെ വടമിട്ട് ആനയെ തളക്കുവാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തില്‍ വടം കാലില്‍ ചുറ്റിയെടുത്തുവെങ്കിലും ഇത് കെട്ടിയത് സമീപത്തെ വൈദ്യുതി പോസ്റ്റിലായിരുന്നു. പിന്നീട് 12.45 ഓടെ കാലില്‍ ഇരുമ്പ് മുള്ളുകള്‍ കൊണ്ടുള്ള കെണിയുപയോഗിച്ച് ആനയെ പൂര്‍ണമായും സമീപത്തെ വലിയ മരത്തോട് ചേര്‍ത്ത് തളച്ചു. ഈ സമയം തൃശൂരില്‍ നിന്ന് എലിഫന്‍്‌റ് സ്‌ക്വാഡും എത്തിയിരുന്നു. പുലര്‍ച്ചെ 2.15 ഓടെ ആനയെ ലോറിയില്‍ കയറ്റികൊണ്ടുപോയി.