തിരുവനന്തപുരം> ഉദാരവൽക്കരണ- ആഗോളവൽക്കരണ നയങ്ങളുടെയും രാജ്യം ഏർപ്പെട്ട കരാറുകളുടെയും കൊടുംചൂടിൽ വാടിക്കരിഞ്ഞ കേരളത്തിലെ കാർഷിക മേഖലയെ പച്ചപ്പുള്ളതാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. മെച്ചപ്പെട്ട വരുമാനം ലഭിക്കാൻ കർഷകരെ പര്യാപ്തരാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അദ്ദേഹം മറുപടി നൽകി.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ ഇടതുപക്ഷം പങ്കെടുക്കുന്നില്ലെന്ന് നോട്ടീസ് അവതരിപ്പിച്ച കുറുക്കോളി മൊയ്തീൻ പറഞ്ഞു. സമരത്തിന് എല്ലാ പിന്തുണയുമായി ഇടതുപക്ഷ കർഷക സംഘടനകൾ മുന്നണിയിലുണ്ടെന്ന് മന്ത്രി മറുപടി നൽകി. സർക്കാർ എല്ലാറ്റിനും കേന്ദ്രത്തെ കുറ്റം പറയുകയാണെന്ന കുറുക്കോളി മൊയ്‌തീന്റെ പരമാർശത്തിന് എൻഡിഎക്കുവേണ്ടി യുഡിഎഫ് അംഗം വക്കാലത്ത് എടുക്കുകയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
2026ൽ ഒരു ലക്ഷം ഹെക്ടറിൽ മൂല്യവർധിത കൃഷിയും 3000 കോടിയുടെ വിറ്റുവരവും മൂന്നു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കർഷകരെ ഈ മേഖലയിൽ നിലനിർത്താനുള്ള ശ്രമം സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടത്തുകയാണ്. നെല്ല്, പച്ചത്തേങ്ങ, വിവിധയിനം പച്ചക്കറികൾ, റബ്ബർ എന്നിവയ്ക്ക് സർക്കാർ താങ്ങുവിലയും കുറഞ്ഞ അടിസ്ഥാന വിലയും നിശ്ചയിച്ച് കർഷകരെ സഹായിക്കുന്നു. നെല്ല് സംഭരണം, തേങ്ങാ സംഭരണം, പച്ചക്കറി സംഭരണം, റബ്ബർ പ്രൊഡക്ഷൻ ഇൻസന്റീവ് എന്നിവയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക കേരളം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ലോക ബാങ്ക് സഹായത്തോടെ അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്ന 2375 കോടി രൂപയുടെ കേരള കാർഷിക കാലാവസഥാ പ്രതിരോധ മൂല്യ വർധിത ശൃംഖല നവീകരണ പദ്ധതിക്ക് (കേര) ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.