മുംബൈ > മഹാരാഷ്ട്ര നിയമസഭയിൽ ശരദ് പവാറിന് വീണ്ടും തിരിച്ചടി. അജിത് പവാർ പക്ഷത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര സ്പീക്കർ. അജിത് പവാർ പക്ഷം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കാട്ടി നൽകിയ ഹർജിയും സ്പീക്കർ രാഹുൽ നർവേകർ തള്ളി. അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻസിപി) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പക്ഷത്തിന് അനുവദിച്ചു. തുടർന്ന് ശരദ് പവാർ പക്ഷത്തിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന പേര് അനുവദിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടി പിളർത്തി പോയവരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയത്. കഴിഞ്ഞ ജൂണിലാണ് എൻസിപി പിളർന്ന് 41 എംഎൽഎമാർ അജിത്തിനൊപ്പം ചേർന്നത്. അയോഗ്യരാക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപക്ഷവും പരാതി നൽകിയിരുന്നു. ഇതിൽ വാദം കേട്ട ശേഷമാണ് സ്പീക്കറുടെ തീരുമാനം. അയോഗ്യതയാവശ്യപ്പെട്ടുള്ള ഇരുപക്ഷത്തിൻറെയും പരാതികൾ തള്ളുന്നതായി സ്പീക്കർ പറഞ്ഞു.
41എംഎൽഎമാരും അജിത് പവാർ വിഭാഗത്തിനൊപ്പമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപി എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചതും സ്പീക്കർ ചൂണ്ടിക്കാണിച്ചു. തുടർന്നാണ് ഹർജികൾ തള്ളിയത്. തെരഞ്ഞെടുപ്പ് കമീഷൻ വിധിക്കെതിരെ ശരദ് പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.