ഇരിങ്ങാലക്കുട : നഗരസഭ ഷണ്മുഖം കനാൽ ബെയ്സിലെ മൂന്നുസെന്റിലെ കൊച്ചുവീട്ടിലേക്ക് ചെന്നൈ ഐ.ഐ.ടി.യുടെ ഗവേഷണബിരുദം. കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജന്റെയും രമയുടെയും മകൻ രാഹുലാണ് ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. ഒറ്റമുറി മാത്രമായ ഓലവീട്ടിലായിരുന്നു രാഹുലും കുടുംബവും താമസിച്ചിരുന്നത്. വീടിന് ഒരു ചുമരുമാത്രം പണിത് 11 വർഷത്തോളം കിടന്നു. പിന്നീട് മുനിസിപ്പാലിറ്റിയിൽനിന്ന് ലഭിച്ച സഹായധനമടക്കം ഉപയോഗിച്ച് വർഷങ്ങൾ എടുത്താണ് ഇപ്പോഴത്തെ വീട് നിർമ്മിച്ചത്. സ്കൂൾകാലം മുതൽ തന്നെ നിരവധി ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് രാഹുൽ സമ്മാനം നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ജി.എൽ.പി.എസ്., നാഷണൽ ഹൈസ്കൂൾ, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നാണ് ഫിസിക്സിൽ ബിരുദം നേടിയത്.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചന്ദ്രികയിലും മറ്റും ചുമടെടുക്കാൻ പോയിരുന്നതായി രാഹുൽ ഓർമിക്കുന്നു. പിന്നീട് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദം നേടാൻ ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഡോ. കെ.വൈ. ഷാജുവിന്റെ സാമ്പത്തികസഹായവും ഉണ്ടായിരുന്നതായി രാഹുൽ പറഞ്ഞു. അതിനുശേഷമാണ് പി.എച്ച്.ഡി.ക്ക് ചെന്നൈ ഐ.ഐ.ടി.യിൽ ചേർന്നത്.
ഫിസിക്സിൽ വിദേശത്തുനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദം നേടണമെന്നാണ് രാഹുലിന്റെ ആഗ്രഹം. സ്കോളർഷിപ്പോടെ വിദേശത്ത് പഠനം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. സഹോദരൻ: രാകേഷ്.