കൊച്ചി : കോടതിയലക്ഷ്യകേസിൽ പൊലീസുദ്യോഗസ്ഥന് രൂക്ഷ വിമർശനം. അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ് ഐ റെനീഷിനെയാണ് ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സാഹചര്യ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നുമായിരുന്നു മാപ്പപേക്ഷാ സത്യവാങ്മൂലത്തിൽ എസ് ഐ പരാമർശിച്ചിരുന്നത്. സത്യവാങ്മൂലം പരിശോധിച്ച കോടതി, കോടതിയലക്ഷ്യകേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്നു മോശം വാക്കുകൾ ഉപയോഗിച്ചില്ലെന്ന് പറയുന്നുവെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്നും ചോദിച്ചു.
എന്തിനാണ് അധികാരം ദുർവിനിയോഗം ചെയ്യുന്നത്? കോടതി നിര്‍ദ്ദേശാനുസരണം എത്തിയ അഭിഭാഷകരോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാരോട് എങ്ങനെ പെരുമാറുമെന്നും കോടതി ചോദിച്ചു. കോടതിയുത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടി വരും. സമ്മർദം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ അക്രമം കാണിച്ചാൽ അതിനും കോടതി പരിഹാരം കാണണോ എന്നും കോടതി ആരാഞ്ഞു. കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതിന് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഹർജി മാർച്ച് 1 ന് പരിഗണിക്കും.