കർണാടക : കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ കലബുറഗി കളക്ടറുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയുടെ പ്രതിഷേധം. താൻ ഹിജാബ് ധരിച്ചാണ് അസംബ്ലിയിലെത്താറുള്ളതെന്നും തടയാൻ സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയാനും ഫാത്തിമ വെല്ലുവിളിച്ചു. യൂണിഫോമിനൊപ്പം ഹിജാബിന്റെ നിറം മാറ്റാൻ തയ്യാറാണ്, പക്ഷേ അത് ധരിക്കുന്നത് നിർത്താൻ കഴിയില്ലെന്നും ഫാത്തിമ പറഞ്ഞു. പെൺകുട്ടികളെ സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ഗുൽബർഗ (നോർത്ത്) നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ ആരോപിച്ചു. വാർഷിക പരീക്ഷകൾക്ക് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത്.
ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ച് ഇതിനെ എതിർക്കുമെന്നും ഫാത്തിമ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകുമെന്നും പിന്നീട് ഉഡുപ്പിയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് എംഎൽഎ അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് ഐക്യത്തിന് ഭംഗം വരുത്തുമെന്നും നിരോധിക്കണമെന്നും യൂണിഫോമിന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്കൂളുകളും സർക്കാർ അനുശാസിക്കുന്ന യൂണിഫോം പാലിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതത് മാനേജ്മെന്റ് തീരുമാനിക്കുന്ന ഡ്രസ് കോഡ് പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.