കൊച്ചി > ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അഗ്നി സുരക്ഷ സംവിധാനങ്ങളും മാലിന്യ സംസ്‌കരണത്തിലെ പുരോഗതിയും കലക്‌ടറും കോർപറേഷൻ സെക്രട്ടറിയും പ്ലാന്റ് സന്ദർശിച്ച് വിലയിരുത്തി. ഭക്ഷ്യ മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി സജ്ജീകരിക്കുന്ന പുതിയ രണ്ട് പ്ലാന്റുകളുടെ നിർമ്മാണം കലക്‌ടർ എൻഎസ്‌കെ ഉമേഷും നഗരസഭാ വെക്രട്ടറി വി ചെൽസാസിനിയും പരിശോധിച്ചു. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് പ്ലാന്റിൽ നടക്കുന്ന പ്രവർത്തനങ്ങളും പ്ലാന്റിൽ നിയമിച്ചിട്ടുള്ള ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി. പ്ലാന്റിനുള്ളിലൂടെയുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതിയ പ്ലാന്റ് നിർമ്മിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ ബി പി സിഎലിന് കൈമാറുന്ന ഭൂമിയും സന്ദർശിച്ചു.
ചൂട് കൂടിവരുന്ന സാഹചത്തിൽ എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളോടെയുമാണ് പ്ലാന്റ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കൃത്യമായി ഇടവേളകളിൽ മാലിന്യം നനച്ചു കൊടുക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്. പ്ലാന്റിന് സമീപത്തെ ചിത്രപ്പുഴയിൽ ജലലഭ്യത ഉറപ്പുവരുത്തും. ഫ്ലോട്ടിങ് ജെസിബി ഉപയോഗിച്ച് പായലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്ന ജോലിയും നടക്കുന്നു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടർ വി ഇ അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.